കാടിനോടും കാട്ടുമൃഗങ്ങളോടും കാലാവസ്ഥയോടും മല്ലടിച്ച് മണ്ണ് പൊന്നാക്കിയ കർഷകർ, ആട് മാടുകളെ പോലെ പണിയെടുക്കുന്ന കർഷക തൊഴിലാളികൾ , ഇവരുടെ വിയർപ്പിൽ വിളയുന്നതും, അവർ ഉഴുതുമറിച്ച ഭൂമിയും അടക്കിവാണ ജന്മി നാടുവായികൾ. ഈ മണ്ണിൽ അടിമയായി നിൽക്കാതെ ജീവിത സ്വപ്നങ്ങളുമായി ഉരുവിലും പായകപ്പലുകളിലും മറ്റുമായി കടൽ കടന്ന് മണലാരണ്യങ്ങളിലെ സൗഭാഗ്യങ്ങൾ പോയവർ, ആറര പതിറ്റാണ്ട് മുമ്പ് ചെക്യാട് എന്ന മലയോര ഗ്രാമത്തിൻ്റെ നേർ ചിത്രമിങ്ങനെ. അടിമുടി കർഷക ഗ്രാമം. ഇവിടെ കൃഷിയിറക്കാനും പണിയായുധങ്ങൾ വാങ്ങാനും കർഷകരുടെ കൈയ്യിൽ കാശുണ്ടാകില്ല. കിണ്ടിയും കിണ്ണവും നിലവിളക്കും ജന്മിതറവാട്ടിൽ പണയം വെച്ചാൽ പണിയാളർക്ക് ജന്മി ഓച്ചാനിച്ചൊരു കാശ് നൽകും. വിത്തിറക്കാനും വളം വാങ്ങാനും കാശ് കിട്ടാൻ കാലെ കൂട്ടി വിള ജന്മിക്കും ഭൂപ്രമാണിമാർക്കും പാട്ടത്തിന് നൽകണം. ഈ സാമൂഹിക അന്തരീക്ഷത്തിൽ അധ:സ്ഥിതരെ സമ്പത്ത് അടക്കിവാഴുന്നവർ ഒട്ടും വിശ്വാസത്തിൽ എടുത്തിരുന്നില്ല. പണയം വെക്കാൻ ഒന്നുമില്ലാതവർക്ക് പട്ടിണി തന്നെ ശരണം. ദുരിതങ്ങൾ പേമാരിയായ ഇക്കാലത്ത് കോഴിക്കോട്- കണ്ണൂർ ജില്ലകളുടെ മലയോര കർഷകഗ്രാമങ്ങളിൽ ഇടത് പുരോഗമന ആശയങ്ങളുടെ ഇളം കാറ്റ് വീശിയത് . കർഷകരും തൊഴിലാളികളും സംഘടിക്കാൻ തുടങ്ങി. പരസ്പര സഹായ കൂട്ടായ്മകളും ഐക്യനാണ സംഘങ്ങളും ഉദയം കൊണ്ടു. 1938 ലാണ് ചെക്യാട് ഐക്യ നാണയ സംഘം നിലവിൽ വന്നത്. പൂക്കോട്ട് രാമൻ,മണ്ടോടി കുഞ്ഞി ഒണക്കൻ, വണ്ണത്താം കണ്ടി കുഞ്ഞബ്ദുള്ള ,പടിക്കല കണ്ടി കുഞ്ഞിരാമൻ ഗുരിക്കൾ ,മണിമുട്ടി കുഞ്ഞിക്കണ്ണൻ നായർ തുടങ്ങിയവരായിരുന്നു നേതൃത്വ നിരയിൽ .ഇന്നത്തെ ബാങ്ക് ആസ്ഥാന കെട്ടിടത്തിന് സമീപത്ത് തന്നെയുള്ള ചെക്യാട് മണ്ടോടി പീടിക മുറിയുടെ മുകളിലത്തെ നിലയിലായിരുന്നു പ്രവർത്തന കേന്ദ്രം. മണ്ടോടി കുഞ്ഞി ഒണക്കൻ പ്രസിഡൻ്റും പടിക്കല കണ്ടി കുഞ്ഞിരാമൻ ഗുരിക്കൾ ഓണററി സെക്രട്ടറിയുമായി ആദ്യസഹകരണ സംഘം പ്രവർത്തിച്ചു. പ്രമുഖ ജന്മിതറവാട്ടുകൾ സ്ഥിതി ചെയ്ത പ്രദേശങ്ങളായിരുന്നു ചെക്യാട് താനക്കോട്ടൂർ, പാറക്കടവ് മേഖല. തൊഴിലാളികളും കർഷകരും ജന്മിമാരുടെ കുടിയാൻമാരായിരുന്നു. സഹകരണ സംഘത്തിൻ്റെ ഉദയം അവരുടെ സാമ്പത്തിക ചിന്തയിലും ആസൂത്രണത്തിലും മാത്രമല്ല ജീവിതത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അഞ്ച് രൂപയ്ക്ക് സാധാരക്കാരിൽ നിന്ന് ഓഹരി സ്വീകരിച്ചായിരുന്നു മൂലധന സമാഹരണം . നൂറ് രൂപ വരെ വായ്പയും അനുവദിച്ചു. കരി ചന്തയും പൂഴ്ത്തിവെപ്പും കാരണം നാട്ടിൽ വലിയ ഭക്ഷ്യക്ഷാമം നേരിട്ട ഘട്ടത്തിലാണ് വളയം ചെക്യാട് പഞ്ചായത്തുകളിൽ റേഷൻ ഷോപ്പുകൾ ഏറ്റെടുത്ത് നടത്തി. ഒപ്പം കാർഷിക വിളകൾ സംഭരിക്കുകയും കൃഷിക്കാർക്ക് ന്യായവില നൽകുകയും ചെയ്തു. വലതുപക്ഷ ആശയക്കാരുടെ നേതൃത്വത്തിൽ പാറക്കടവിലും ഒരു ഐക്യ നാണയ സംഘം പ്രവർത്തിച്ചിരുന്നു.എന്നാൽ നടത്തിപ്പിലെ ക്രമക്കേട് കാരണം ഈ സംഘം പരിച്ചുവിടുകയും ചെക്യാട് ഐക്യ നാണയ സംഘത്തിൽ ലയിപ്പിക്കുകയും ചെയ്തു. വലിയ എതിർപ്പുകൾ ഭൂപ്രമാണിമാരുടെ ഭാഗത്ത് നിന്ന് ചെക്യാട് ഐക്യ നാണയ സംഘത്തിന് നേരിടേണ്ടി വന്നു. 1958 ജനുവരി 28ന് ചെക്യാട് സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ F1657 ആയി രജിസ്റ്റർ ചെയ്തു.മാർച്ച് 28ന് ബാങ്കിംഗ് പ്രവർത്തനാരംഭം കുറിക്കുകയും ചെയ്തു. വി.ദാമു മാസ്റ്റർ പ്രസിഡൻ്റായും വി.കെ ബാലൻ നായർ സെക്രട്ടറിയായുമായിരുന്നു ആദ്യ ഭരണ സമിതി. . സംസ്ഥാനത്ത് ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്നതോടെ കുടികിടപ്പ്കാർക്ക് ഭൂമിയിൽ അവകാശം ലഭിച്ചെങ്കിലും ഭൂപ്രമാണി മാരുടെ ചൂഷണം തുടർന്നു. ഭൂമിയുടെ രേഖകൾ പണയത്തിനെടുത്തും നാളീകേരവും കശുവണ്ടിയും പാട്ടത്തിനെടുത്തും സാധാരണക്കാരുടെ ദാരിദ്ര്യം അവർ മുതലെടുത്തു. ഈ ഘട്ടത്തിൽ നിർണായക ഇടപെടലാണ് ചെക്യാട് സഹകരണ ബാങ്ക് നടത്തിയത്. സേവന വിപുലീകരണത്തിൻ്റെ ആദ്യപടിയായി ചെക്യാട് ആസ്ഥാനമായി സ്വന്തം ഭൂമിയിൽ ബാങ്ക് കെട്ടിടം ഉയർന്നു.1980 ജൂൺ 14ന് അന്നത്തെ കേരളാ മുഖ്യമന്ത്രി ഇ.കെ. നായനാർ ബാങ്ക് കെട്ടിടോദ്ഘാടനം നിർവ്വഹിച്ചു. അന്നത്തെ മലബാർ സെൻ്റർ കോ-ഓപ്പറേറ്റ് ബാങ്ക് പ്രസിഡൻ്റ് ഇ.വി കുമാരൻ്റെ അധ്യഷതയിൽ നടന്ന പരിപാടി ഒരു ജനകീയ ഉത്സവം തന്നെയായിരുന്നു. തുടർന്നിങ്ങോട്ട് വലിയ പിന്തുണയാണ് ബാങ്കിന് ജനങ്ങളിൽ നിന്ന് ലഭിച്ചത്. ഇതിനിടയിൽ കർഷകർക്ക് വലിയ ആശ്വാസമായി 1976 മുതൽ തന്നെ ബാങ്കിൻ്റെ നേതൃത്വത്തിൽ ഒരു വളം ഡിപ്പോ ആരംഭിച്ചു. 1997 ൽ പാറക്കടവ് അങ്ങാടിയിൽ സഹകരണ നീതി സ്റ്റോറും ആരംഭിച്ചു. പ്രവാസികൾ ഉൾപ്പെടെയുള്ള ബഹുജനങ്ങളുടെ സ്വന്തം ബാങ്കായി 2000 ത്തോടെ മാറാൻ ചെക്യാട് സഹകരണ ബാങ്കിന് കഴിഞ്ഞു. ഏറെ വികസന മുന്നേമുണ്ടായ പാറക്കടവ് ടൗണിൽ ആദ്യ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചതാണ് ബാങ്കിൻ്റെ വളർച്ചയിൽ വലിയ ചുവട് വെപ്പായത്. 2000 ജൂലൈ നാലിന് അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എസ് ശർമയായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. 2005 ൽ കേരളത്തിലെ സഹകരണ ബാങ്കുകൾ കമ്പ്യൂട്ടർ വൽക്കരിക്കാൻ തുടങ്ങിയ ഘട്ടത്തിൽ തന്നെ ചെക്യാട് ബാങ്കും മാറ്റത്തിൻ്റെ കാഹളമായി ആധുനീക വൽക്കരണത്തിലേക്ക് ചുവടു വെച്ചു. ഹെഡ് ഓഫീസ് ബ്രാഞ്ചും പാറക്കടവ് ബ്രാഞ്ചും കമ്പ്യൂട്ടർ വൽക്കരിച്ചു. ഏഴായിരത്തിലധികം ഓഹരി അംഗങ്ങൾ ഇന്ന് ബാങ്കിനുണ്ട്. ഉൾക്കരുത്തായ രണ്ട് സാരഥികൾ നാടിൻ്റെ മുന്നേറ്റത്തിലും സാധാരണക്കാരുടെ സാമ്പത്തികാസൂത്രത്തിലും വലിയ പങ്കുവഹിച്ച ചെക്യാട് സഹകരണ ബാങ്കിൻ്റെ ഉൾക്കരുത്ത് നാല് പതിറ്റാണ്ട് കാലത്തോളം നേതൃത്തിൽ നിന്ന രണ്ട് സാരഥികളാണ്. സഹകരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ തന്നെ അപൂർവ്വതയാകാം 48 വർഷം അധ്യക്ഷപദവി അലങ്കരിച്ച വി ദാമു മാസ്റ്റർ.പത്തൊൻപതാം വയസ്സിൽ അധ്യാപകനായിരിക്കെയാണ് അദ്ദേഹം സഹകണ മേഖലയിലേക്ക് വരുന്നത്. 1958 മുതൽ ഭരണ സമിതി പ്രസിഡൻ്റായ വി ദാമു മാസ്റ്റർ 2006 ൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തപ്പോഴാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. 2018 വരെ ഭരണ സമിതി അംഗമായി വി ദാമു മാസ്റ്റർ തുടർന്നു. പിന്നിട്ട വഴികളിലെ ഒളിമങ്ങാത്ത ഓർമ്മകൾ അദ്ദേഹം ഇന്നും പങ്കുവെക്കുന്നു. 2006 മുതൽ രണ്ടര വർഷക്കാലം എൻ കുഞ്ഞമ്മദ് ബാങ്ക് പ്രസിഡൻ്റ് പദവി അലങ്കരിച്ചു. 2018 ലാണ് ഇന്നത്തെ പ്രസിഡൻ്റ് എം. കുഞ്ഞിരാമൻ ചുമതലയേറ്റത്. ഔദ്യോഗിക ജീവിതത്തിൽ 44 വർഷം ബാങ്കിന് നേതൃത്വം നൽകിയ സെക്രട്ടറി വി.കെ ബാലൻ നായർക്കും റെക്കോഡ് സർവ്വീസ് കാലയളവുണ്ട്. സഹകരണ മേഖലയിൽ 39 വർഷം സർവ്വീസ് ലഭിച്ചവരും വിരളമാണ്. 2012 ഒക്ടോബർ 19 ന് അദ്ദേഹം അന്തരിച്ചു. 2002 മുതൽ 6 വർഷം എം ടി കണാരനും 2008ൽ പി.കെ പൊക്കനും 2010ൽ കെ.രമാദേവിയും ബാങ്ക് സെക്രട്ടറിമാരായി. 2017 ഡിസംബർ 28 നാണ് ഇന്നത്തെ സെക്രട്ടറി കെ.ഷാനിഷ് കുമാർ ചുമതലയേറ്റത്. ബാങ്കിൻ്റെ പ്രധാന ചുവട് വെപ്പാണ് ജാതിയേരി കല്ലുമ്മൽ ശാഖ. മൂന്നാമത് ശാഖ 2012 മെയ് 7 ന് ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബാങ്ക് പ്രവർത്തന സമയം വർദ്ധിപ്പിച്ച് 12 മണിക്കൂർ ബാങ്കിംഗ് സേവനം ലഭ്യമാക്കുന്ന മേഖലയിലെ ഏക ബാങ്കായി ചെക്യാടിന് മാറാൻ കഴിഞ്ഞു. അന്നത്തെ കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ആധുനികതയിലേക്കുള്ള കുതിപ്പ് സേവനങ്ങളുടെ വേഗത വർദ്ധിപ്പിക്കാൻ ബാങ്കിൻ്റെ മൂന്ന് ശാഖകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇൻറർനെറ്റ് കോർ ബാങ്കിംഗ് സംവിധാനം സഹായിച്ചു. 2018 ജൂലൈ ഒന്നുമുതലാണ് ബാങ്കിംഗ് രംഗത്തെ നൂതന സംവിധാനങ്ങൾ ചെക്യാട് ബാങ്ക് സ്വായത്വമാക്കി തുടങ്ങിയത്. കസ്റ്റമേഴ്സിന് ഇടപാട് വിവരങ്ങൾ തൽസമയം അറിയാനുള്ള എസ് എം എസ് സംവിധാനം , സ്മാർട്ട് ഫോൺ വഴി ബാങ്കിംഗ് – ബാങ്കിംഗ് ഇതര സേവനങ്ങൾ വിൾ തുമ്പിൽ ലഭ്യമാക്കൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ എന്നിവയും ആരംഭിച്ചു. വൻകിട കമേഴ്സ്യൽ ബാങ്കുകളോട് കടപിടിക്കുന്ന തരത്തിൽ ഇന്ത്യയിൽ എവിടെക്കും പണം അയക്കാൻ സാധ്യമാക്കുന്ന RTGS – NE FT – IMPS സംവിധാനങ്ങൾ കാലത്തിന് ഒരു പടി മുമ്പെ നടപ്പാക്കി ചെക്യാട് ബാങ്ക് ഇന്ന് യുവതയുടെ ബാങ്ക് കൂടിയായി.നോട്ട് നിരോധനവും കോവിഡും നാടിനെ പിടിച്ചു കുലുക്കിയപ്പോൾ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് അക്ഷരാർത്ഥത്തിൽ ജനകീയ ബാങ്കിംഗ് എന്തെന്ന് നാടറിഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് അതിവേഗത്തിൽ വീടുകളിൽ പെൻഷൻ എത്തിച്ചും ചെക്യാട് ബാങ്ക് ജനഹൃദയങ്ങൾ കീഴടക്കി. ന്യൂജനറേഷൻ ബാങ്കുകളെ വെല്ലുന്ന സൗകര്യങ്ങൾ മത്സരങ്ങളുടെ പുതിയ കാലത്ത് ഒരു പടിമുന്നേ സഞ്ചരിക്കുന്ന ചെക്യാട് ബാങ്കിൻ്റെ ന്യൂജനറേഷൻ മാതൃകയിൽ നാലാമത് ശാഖയായ കുറുവന്തേരിശാഖ ഇക്കഴിഞ്ഞ 2021 നവംബർ 18 ന് സഹകരണമന്ത്രി വി എൻ വാസവൻ നാടിന് സമർപ്പിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ,ബാങ്കിൻ്റെ അറുപത്തിയഞ്ചാം വാർഷികാഘോഷവും മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ബാങ്കിംഗ് ഇതര സേവനങ്ങളിലും ഹൈടെക്ക് വളം ഡിപ്പോ, നീതീ സ്റ്റോർ എന്നിവയിൽ ആരംഭിച്ച ബാങ്കിംഗ് ഇതര സേവനങ്ങൾ ഇപ്പോൾ അഞ്ച് സ്ഥാപനങ്ങളിൽ എത്തി നിൽക്കുന്നു. ബാങ്ക് ഹെഡ് ഓഫീസിന് സമീപത്തായി 2022 ഫെബ്രവരി – ജന സേവന- ഓൺലൈൻ സേവന കേന്ദ്രം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 8 ന് പാറക്കടവ് ടൗണിൽ നീതി മെഡിക്കൽസ് ആൻറ് സർജിക്കൽസ് ഇ.കെ വിജയൻ എം എൽ എ നാടിന് സമർപ്പിച്ചു. ഒറ്റവും ഒടുവിലായി സ്ക്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡൻസ് കോർണർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു –